തെരുവ് നായ്ക്കൾക്കെതിരെ തോക്കെടുത്ത് രക്ഷിതാവ്; കേസെടുത്ത് പോലീസ്

  • 17/09/2022

കാസര്‍ഗോഡ്: തെരുവ് നായ്ക്കളുടെ ഭീക്ഷണി വർദ്ധിച്ചതോടെ തോക്കെടുക്കാൻ നിർബന്ധിതനായി രക്ഷിതാവ്. വിദ്യാർത്ഥികൾക്ക് അകമ്പടിയാണ് തോക്കുമായി രക്ഷിതാവ് പോയത്. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

ഹദ്ദാദ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബേക്കല്‍ പോലീസ് സ്വമേധയ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി റോഡിലൂടെ പോയത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. കുട്ടികളെ മദ്രസയില്‍ കൊണ്ടുപോകുന്നതിനായാണ് സമീര്‍ തോക്കുമായി റോഡിലിറങ്ങിയത്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റാണ് സമീര്‍. ‌തെരുവ് നായ്ക്കളെ പേടിച്ച്‌ മദ്രസയില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കുട്ടികളെ താന്‍ ഒപ്പം വരാമെന്ന് പറഞ്ഞ് സമീര്‍ തോക്കുമായി മുന്നില്‍ നടക്കുകയായിരുന്നു. മകളെയും സഹപാഠികളെയുമാണ് സമീര്‍ മദ്രസയിലേക്ക് കൊണ്ടുപോയത്.

ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബേക്കല്‍ പോലീസ് സമീറിനെതിരെ കേസെടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് ശരിയായില്ലെന്നും ഷോ കേസില്‍ വയ്ക്കുന്ന തോക്ക് കൊണ്ട് എന്ത് ലഹളയാണ് താന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നും സമീര്‍ ചോദിക്കുന്നു. പോലീസിന്റെ നടപടിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സമീര്‍ വ്യക്തമാക്കി.

Related News