സംസ്ഥാനത്ത് സമീപകാലത്ത് ടാര്‍ ചെയ്ത 45 ശതമാനം റോഡുകളും തകര്‍ന്നെന്ന് വിജിലന്‍സ്

  • 17/09/2022

തിരുവനന്തപുരം: അടുത്തകാലത്ത് ടാറിട്ട 45 ശതമാനം റോഡുകളും പൊളിഞ്ഞുതുടങ്ങിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 148 റോഡുകളില്‍ 67 എണ്ണത്തില്‍ കുഴിവീണുതുടങ്ങി. റോഡുനിര്‍മാണക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് നടത്തുന്ന 'ഓപ്പറേഷന്‍ സരള്‍ രാസ്ത'യുടെ മൂന്നാംഘട്ടപരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്തിന്റെ 24 റോഡുകളും കെ.എസ്.ടി.പി.യുടെ ഒമ്പതുറോഡുകളും വെള്ളിയാഴ്ച പരിശോധിച്ചു. 19 റോഡുകളില്‍ കുറഞ്ഞ അളവിലാണ് ടാറുപയോഗിച്ചത്. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ടും, പത്തനംതിട്ട, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്നുംവീതം റോഡുകള്‍ മതിയായ ടാറില്ലാതെയാണ് നിര്‍മിച്ചത്. കൊല്ലം ജില്ലയിലെ ഒരുറോഡ് നിര്‍മിച്ചപ്പോള്‍ ആവശ്യത്തിന് റോഡ് റോളര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് നാശോന്മുഖമായെന്നും വിജിലന്‍സ് പറയുന്നു. ആദ്യഘട്ടപരിശോധനയില്‍ ശേഖരിച്ച 107 റോഡുകളുടെ സാംപിള്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഈമാസം ലഭിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. സാംപിള്‍ റിസല്‍റ്റുപ്രകാരം നടപടിയുണ്ടാകും. സാംപിള്‍ ലാബില്‍ വിശകലനം ചെയ്യുമ്പോള്‍ റോഡുനിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള സാമഗ്രികളുടെ വിശദാംശങ്ങള്‍ അറിയാനാകും.കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അനുപാതത്തില്‍ ടാറും മെറ്റലും കണ്ടെത്തിയില്ലെങ്കില്‍ കരാറുകാര്‍ക്കും മേല്‍നോട്ടത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയുണ്ടാകും. റോഡുനിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സിനെ സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

Related News