കര്‍ണാടകയില്‍ സി.പി.എം സംഘടിപ്പിക്കുന്ന മഹാറാലി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

  • 17/09/2022

കര്‍ണാടക: ബാഗേപളളിയില്‍ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഐഎം മഹാറാലി സംഘപ്പിക്കുന്നത്. പി.ബി അംഗങ്ങളായ എംഎ. ബേബി, ബിവി. രാഘവലു, കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബെംഗളൂരുവിലും, ബാഗേപ്പള്ളിയിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് ചര്‍ച്ച നടത്തും. സിപിഐഎം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി കര്‍ണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സില്‍വര്‍ ലൈനും ചര്‍ച്ചയാകും.
ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യുക. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യം ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായതാണ്. 

സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇതു സംബന്ധിച്ച് ആശയവിനിമയവും നടന്നു. തലശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട് പാതകളെക്കുറിച്ചുംഇരുവരും ചര്‍ച്ച നടത്തും. സിപിഐഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ കര്‍ണാടകയിലെത്തിയത്.

Related News