രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന് പിന്നാലെ പ്രമേയം പാസാക്കി ഛത്തീസ്ഗഢും

  • 18/09/2022

റായ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയതിനു പിന്നാലെ സമാന നീക്കവുമായി ഛത്തീസ്ഗഢ് കോണ്‍ഗ്രസും. പി.എല്‍. പുനിയയുടെ നേതൃത്വത്തില്‍ റായ്പുരിലെ രാജീവ് ഭവനില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലുംമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത നടന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.

രണ്ട് പ്രമേയങ്ങളാണ് യോഗത്തില്‍ ഏകകണ്ഠമായി പാസ്സാക്കിയതെന്ന് പുനിയ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെയും ട്രഷററെയും നിയമിക്കണമെന്ന് അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുന്നതാണ് ഒരു പ്രമേയം. രാഹുള്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു മറ്റൊരു പ്രമേയം, അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തില്‍ പ്രമേയം പാസ്സാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്തംബര്‍ 24-ന് ആരംഭിക്കാനിരിക്കെയാണ് വിവിധ സംസ്ഥാന ഘടകങ്ങളുടെ ഇത്തരമൊരു നടപടി. 

നിലവില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ് രാഹുല്‍ ഗാന്ധി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കപില്‍ സിബല്‍, അശ്വനി കുമാര്‍, ഗുലാം നബി ആസാദ് എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.

Related News