കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് സോണിയാ ഗാന്ധിയുടെ അനുമതി ലഭിച്ചതായി സൂചന

  • 19/09/2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂര്‍ എം.പി മത്സരിക്കുന്നതിന് കളമൊരുങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തരൂരിന് മത്സരിക്കാനുള്ള അനുമതി നല്‍കിയതായാണ് വിവരം. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സോണിയ തരൂരിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും തുറന്ന മത്സരം നടക്കട്ടെയെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളതെന്നും സോണിയ തരൂരിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്.

രാഹുല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ചില സംസ്ഥാന കമ്മിറ്റികള്‍ പ്രമേയം പാസ്സാക്കിയതില്‍ ഹൈക്കമാന്‍ഡിന് പങ്കൊന്നുമില്ലെന്നും സോണിയ വൃക്തമാക്കിയതായാണ് വിവരം. സോണിയ വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ തരൂര്‍ മത്സരത്തിനിറങ്ങുമെന്നതില്‍ സംശയമൊന്നുമില്ലെന്ന് ചില അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം താന്‍ സോണിയയെ കണ്ടത് ശരിയാണെന്നും എന്നാല്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും സോണിയയുമായുള്ള കൂടിക്കാഴ്ച തീര്‍ത്തും സൗഹാര്‍ദ്ദപരമായിരുന്നെന്നും തരൂര്‍ പറഞ്ഞു. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം.

Related News