ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; ഐശ്വര്യയുടെ ഡയറി കണ്ടെടുത്ത് പൊലീസ്

  • 19/09/2022

കൊല്ലം: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ ഐശ്വര്യയെ ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടിയ പീഡനങ്ങളാണ് ഏല്‍ക്കുന്നത് എന്നും യുവതിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. ജോലിക്ക് പോകാനും ഇയാള്‍ സമ്മതിച്ചിരുന്നില്ല.

ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും ആരോപിച്ചിരുന്നു. തന്റെ അമ്മ വാങ്ങിക്കൊണ്ടു തന്ന മീന്‍ തിരിച്ച്‌ കൊടുക്കാന്‍ പറഞ്ഞ് കണ്ണന്‍ വഴക്ക് ഉണ്ടാക്കിയെന്നും ഐശ്വര്യ എഴുതിയിട്ടുണ്ട്.

തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച്‌ പൊട്ടിച്ചെന്നും എന്നും ഉപദ്രവിക്കുമായിരുന്നുവെന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. തന്റെ സഹോദരിയെ കണ്ണന്‍ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ ഡയറി കണ്ടെത്തിയത്.

ഐശ്വര്യയുടെ ഡയറിയിലാണ് ഭര്‍ത്താവ് കണ്ണനില്‍ നിന്നും താന്‍ നിരന്തരം പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ഉള്ളത്. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍ നായരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കണ്ണന്‍നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും.

Related News