സ്വർണ്ണം കടത്തുന്നതായി രഹസ്യ വിവരം, ദേഹ പരിശോധനയിൽ പാളി; എക്‌സ്‌റേയില്‍ വയറിനുള്ളിൽ കണ്ടെത്തിയത് നാല് സ്വർണ്ണ ക്യാപ്‌സ്യൂളുകള്‍

  • 19/09/2022

മലപ്പുറം: മലാശയത്തില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച അര കോടി രൂപയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച്‌ പൊലീസ് പിടികൂടി. ഇന്നു രാവിലെ 10.15 ന് ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിൽ എയര്‍പോര്‍ട്ടിലെത്തിയ നൗഫലിനെ, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ നൗഫലിനുവേണ്ടി പൊലീസ് പുറത്ത് കാത്ത് നില്‍പുണ്ടായിരുന്നു. മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ഒരു കിലോയിലധികം വരുന്ന സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പൊലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാറംങ്കോട് സ്വദേശി നൗഫല്‍.പി (36) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.065 കി. ഗ്രാം സ്വര്‍ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച്‌ കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ നൗഫല്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. ഇതേത്തുടര്‍ന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പിടികൂടുന്ന 59-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Related News