മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടു, അജ്ഞാതൻ യുവതിയിൽ നിന്ന് തട്ടിയെടുത്തത് 1.6 കോടിയോളം രൂപ

  • 19/09/2022

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതി 1.6 കോടി രൂപയുടെ തട്ടിപ്പിന് ഇരയായി. മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ അജ്ഞാതനാണ് യുവതിയുടെ പണം തട്ടിയെടുത്തത്.

വിജയവാഡ സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. അനുയോജ്യമായ വരനെ കണ്ടെത്താന്‍ വേണ്ടി യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്തു. തുടര്‍ന്ന് മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി തട്ടിപ്പുകാരന്‍ യുവതിയുമായി അടുപ്പം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി.

ഫോണ്‍ കോളിലൂടെയും മെസേജുകളിലൂടെയും യുവതിയുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. അമേരിക്കയിലെ ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അജ്ഞാതന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കബളിപ്പിച്ചത്.

യുവാവിനെ വിശ്വസിച്ച്‌ യുവതി നിരവധി തവണകളായി 1.6 കോടി രൂപയാണ് തട്ടിപ്പുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. വലിയ തുക നഷ്ടമായതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി യുവതി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

Related News