വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു; മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

  • 20/09/2022

കൊല്ലം: വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനി. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ആണ് തൂങ്ങിമരിച്ചത്. വീടിന് മുന്നിൽ നോട്ടീസ് പതിച്ചതിൻറെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൽ ആരോപിച്ചു.

വൈകിട്ടോടെയാണ് സംഭവം. നാലു വർഷം മുൻപ് 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയിൽ നിന്ന് അഭിരാമിയുടെ പിതാവ് അജികുമാർ വായ്പ എടുത്തിരുന്നു. കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നടപടി ആരംഭിച്ചത്. അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നു.

പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച അഭിരാമി ശ്രീ അയ്യപ്പാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പണം തിരിച്ചടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News