ആദ്യ ടി-20യില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് വിജയം

  • 20/09/2022

മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി-20യില്‍ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ് (21 പന്തില്‍ പുറത്താവാതെ 45) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (22) നേരത്തെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അക്സര്‍ പട്ടേലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) ക്രീസിലെത്തിയതോടെ ഓസീസിന്റെ സ്‌കോര്‍ കുതിച്ചു. ഗ്രീനിനൊപ്പം 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സ്മിത്തിനായി. ഇതിനിടെ ഗ്രീനിനെ അക്സര്‍ പുറത്താക്കി. അധികം വൈകാതെ സ്മിത്ത് ഉമേഷ് യാദവിന് വിക്കറ്റ് നല്‍കി. ഗ്ലെന്‍ മാക്സ്വെല്‍ (1) നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ്- വെയ്ഡ് സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 62 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഡേവിഡ് പുറത്തായെങ്കിലും ആദ്യ പന്ത് നേരിട്ട് കമ്മിന്‍സ് ബൗണ്ടറി നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. അക്സര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി.നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസല്‍വുഡ് എല്ലിസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ രാഹുലിനെ പുറത്താക്കി ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. അധികം വൈകാതെ സൂര്യയും മടങ്ങി. ഗ്രീനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് ക്യാച്ച്. തുടര്‍ന്നെത്തിയ അക്സര്‍ പട്ടേല്‍ (6), ദിനേശ് കാര്‍ത്തിക് (6) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 30 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്.ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.

Related News