പോപുലര്‍ ഫ്രണ്ട് റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകള്‍

  • 20/09/2022

കോഴിക്കോട്' പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. ശത്രുക്കള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമസ്ത നേതാക്കള്‍ കുറ്റപ്പെടുത്തി.


പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കണമെന്നുമായിരുന്നു അഫ്‌സല്‍ ഖാസിമിയുടെ പ്രസംഗം. എന്നാല്‍ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തിയാണിതെന്ന വിമര്‍ശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി. പ്രവാചകചരിത്രം പറയുമ്പോള്‍ യഥാര്‍ത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കണമെന്ന് ഇകെ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സംഘടന വളര്‍ത്താന്‍ വേണ്ടി ചിലര്‍ ഹദീസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് എപി സമസ്ത നേതാവ് പേരോട് അബ്ദു റഹ്‌മാന്‍ സഖാഫിയും പറഞ്ഞു. ഹദീസിലെ ആശയത്തെ അഫ്‌സല്‍ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവന്‍ പറയാതെ അണികളില്‍ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ്  പോപ്പുലര്‍ ഫ്രണ്ടിന്റേതെന്നായിരുന്നു എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന്റെ വിമര്‍ശനം.

Related News