അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദം ഒഴിയും

  • 20/09/2022

രാജസ്ഥാന്‍: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയും. ദേശീയ അധ്യക്ഷപദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരേസമയം വഹിക്കുന്നതില്‍ സോണിയ ഗാന്ധി എതിര്‍പ്പുന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. സോണിയ ഗാന്ധിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള അശോക് ഗെഹ്ലോട്ടിന്റെ തീരുമാനം.


പുതിയ മുഖ്യമന്ത്രി ആരായിരിക്കണം എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിക്കും. അശോക് ഗെഹ്ലോട്ട് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുക.

സോണിയ ഗാന്ധിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അശോക് ഗെഹ്ലോട്ട് കൊച്ചിയിലേക്ക് തിരിക്കും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുമായി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച നടത്താനാണ് യാത്ര. ഇന്നലെ രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം അശോക് ഗെഹ്ലോട്ട് വിളിച്ചിരുന്നു. അധ്യക്ഷ പദവിയിലേക്ക് മത്സരിക്കും എന്ന സൂചന നല്‍കാനായിരുന്നു യോഗം.

ഡല്‍ഹിയില്‍ നാടകീയമായ നീക്കങ്ങള്‍ നടക്കുന്നതിനിടെ അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം സ്വീകരിക്കുക. 10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 8 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 10 മുതല്‍ നാലു വരെയാണ് വോട്ടെടുപ്പ് സമയം. ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ നടത്തി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികള്‍ നിയന്ത്രിക്കുക. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related News