എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

  • 22/09/2022



തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി പിടിയില്‍. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. 

കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സെന്‍ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണത്തോടെ സംഭവം കൂടുതൽ ചർച്ചയായി. ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതിയാരെന്ന് സ്വയം വിധിയെഴുതി. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങി. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. 

നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.

Related News