നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്

  • 22/09/2022

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേതാക്കളുടെ അറസ്റ്റ് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടു പോയി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ദേശീയ പ്രസിഡന്റ് ഒ എം എ സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി കോയ, ദേശീയ വൈസ് പ്രസിഡന്റ് കളമശേരി സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കള്‍. കൂടാതെ തമിഴ്‌നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുലര്‍ച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇഡി) തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന സമിതി ഓഫീസിലെ മുന്‍ അക്കൗണ്ടന്റും കസ്റ്റഡിയിലാണ്. തൃശൂരില്‍ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ ഓഫീസിലും എന്‍ഐഎ റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ കോയ തങ്ങളെയും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ. ഉസ്മാനെയും കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവില്‍ യഹിയയുടെ വീട്ടിലെ റെയഡ് തടയാന്‍ എത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശി.

Related News