നാളെ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി

  • 22/09/2022

തിരുവനന്തപുരം: ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ വെള്ളിയാഴ്ച സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും കെ.എസ്.ആര്‍.ടിസി. നിര്‍ദ്ദേശം നല്‍കി. 

ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വ്വീസ് നടത്തും.എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പോലീസ് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.എന്‍.ഐ.എ. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

Related News