ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന് വളര്‍ത്തമ്മയായി നായ; അവിശ്വസനീയമായി പൂച്ചയുടെയും നായയുടെയും സൗഹൃദം

  • 22/09/2022

കോന്നി: പൂച്ചയും പട്ടിയും പണ്ടുമുതലേ ശത്രുക്കള്‍ എന്നാണ് നാം കേട്ടിട്ടുള്ളത്. എന്നാല്‍, ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന് വളര്‍ത്തമ്മയാണ് സൂസി എന്ന നായ. തണ്ണിത്തോട് പേരുവാലിയില്‍ പ്രവര്‍ത്തിക്കുന്ന ആരണ്യകം ലഘുഭക്ഷണ ശാലയിലാണ് ഈ കാഴ്ച.

മാസങ്ങള്‍ക്ക് മുമ്പ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നായാണ് സൂസി. പിന്നീട് ആരണ്യകത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് കഴിഞ്ഞു കൂടിയ ഈ നായ് പിന്നീട് ഇവിടെ നിന്നും എങ്ങോട്ടും പോയില്ല. ഇതിനോടൊപ്പം മറ്റൊരു നായും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇതിനെ പിന്നീട് കാണാതാവുകയും ചെയ്തു. ഇതിന് ശേഷം ആരോ ഉപേക്ഷിച്ച നിലയില്‍ ഒരു പൂച്ചക്കുഞ്ഞിനെയും ഇവിടെ കണ്ടെത്തി. പൂച്ചക്കുഞ്ഞിനെ സൂസി ഉപദ്രവിക്കും എന്നാണ് ആദ്യം ജീവനക്കാര്‍ കരുതിയത്.

എന്നാല്‍, അമ്മയില്ലാത്ത പൂച്ചക്കുട്ടിയുടെ വളര്‍ത്തമ്മയായി മാറുകയായിരുന്നു സൂസി. തന്‍റെ കുഞ്ഞിനെ പോലെ പരിപാലിച്ചും പാല്‍ കൊടുത്തുമാണ് സൂസി പൂച്ചക്കുഞ്ഞിനെ വളര്‍ത്തിയത് എന്ന് ആരണ്യകത്തിലെ ജീവനക്കാര്‍ പറയുന്നു. ഇരുവരും ഉറക്കം പോലും ഒന്നിച്ചാണ്. പൂച്ചക്കുട്ടിയെ പുറത്തുനിന്നും വരുന്നവര്‍ തൊടാനോ ഉപദ്രവിക്കാനോ സൂസി സമ്മതിക്കാറില്ല.

ആരണ്യകത്തില്‍നിന്നും ലഭിക്കുന്ന ഭക്ഷണം ഇരുവരും ഒന്നിച്ചാണ് കഴിക്കുന്നത്. നായും പൂച്ചയും തമ്മിലുള്ള സൗഹൃദം ഇവിടെ എത്തുന്നവര്‍ ശ്രദ്ധിച്ച്‌ തുടങ്ങിയതോടെ ഒട്ടേറെ ആളുകള്‍ ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ എടുത്ത് മടങ്ങാറുണ്ട്. തെരുവ് നായ്ക്കള്‍ നാട്ടില്‍ ഭീതി പരത്തുന്ന ഈ കാലഘട്ടത്തില്‍ തികച്ചും വത്യസ്തമായ കാഴ്ചയായി മാറുകയാണ് ഈ അപൂര്‍വ സൗഹൃദം.

Related News