സ്വവര്‍ഗാനുരാഗികള്‍ അക്രമകാരികളെന്ന് എം.കെ മുനീര്‍

  • 22/09/2022


കോഴിക്കോട്: പേരാമ്പ്രയിലെ മുസ്ലിം ലീഗ് സമ്മേളനത്തില്‍ എല്‍ ജി ബി ടി സമൂഹത്തിനെതിരായ വിവാദ പരാമര്‍ശവുമയി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംകെ മുനീര്‍. ജന്റര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ പോക്‌സോ അപ്രസക്തമാകും എന്ന തന്റെ നിലപാടിനെ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും വളച്ചൊടിച്ചെന്ന് മുനീര്‍ കുറ്റപ്പെടുത്തുന്നു. എം കെ മുനീറിന്റെ വാക്കുകള്‍ ഇങ്ങനെ. 'വിദേശരാജ്യങ്ങളില്‍ എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണ്. അവര്‍ക്കെതിരെ ശബ്ദിച്ചാല്‍ അവര്‍ അടിച്ചു പൊളിക്കും. സ്റ്റോണ്‍ വാള്‍ കലാപം എന്നൊരു കലാപമുണ്ട്. ഗേകള്‍ നടത്തുന്ന സ്റ്റോണ്‍ വാള്‍ ഇന്നില്‍ പൊലീസ് കയറി. ആ പൊലീസുകാരെ മുഴുവന്‍ ആക്രമിച്ച് കലാപത്തിന് തിരികൊളുത്തി. അതാണ് സ്റ്റോണ്‍ വാള്‍ കലാപം. അന്ന് മീഡിയ മുഴുവന്‍ ഗേകളുടെ കൂടെ നിന്നു. ഞാന്‍ വിചാരിച്ചത് ഇവിടെ അങ്ങനെയല്ലെന്നായിരുന്നു. ഇവിടെ നോക്കുമ്പോള്‍ ഇവിടെയും അതാണ് സ്ഥിതി. പുരോഗമനവാദികളായിട്ടുള്ള ചില മാധ്യമങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. പോക്‌സോ പിന്‍വലിക്കണം എന്നു പറയുന്ന ആളായി മാറ്റി' മുനീര്‍ കുറ്റപ്പെടുത്തുന്നു.


സ്വവര്‍ഗാനുരാഗം മതവിരുദ്ധമാണെന്നും എം കെ മുനീര്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്. നമ്മള്‍ എല്‍ ജി ബി ടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്‍മാരാക്കും. പിന്നോക്കമായി മാറും, ആറാം നൂറ്റാണ്ടിലെ ആള്‍ക്കാരായി മാറും. പക്ഷേ ഇത് ഹിന്ദു സമൂഹത്തിനും ക്രിസ്തീയ സമൂഹത്തിനും ഒരുപോലെ ബാധകമാണ്. അവരുടെ മതഗ്രന്ഥങ്ങളും സ്വവര്‍ഗാനുരാഗത്തിന് എതിരാണ്. എന്നാല്‍ ഇസ്ലാം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് വ്യാഖ്യാനിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. സുപ്രീം കോടതി നിയമവിധേയമാക്കിയ സ്വവര്‍ഗാനുരാഗത്തെ ജനപ്രതിനിധിയായ എം കെ മുനീര്‍ മതവിരുദ്ധമെന്ന് പറഞ്ഞു എതിര്‍ക്കുന്നതിനെതിരെയും വിമര്‍ശനമുണ്ട്.

ഏറ്റവും ദുര്‍ബലരായ സമൂഹത്തെ അക്രമകാരികള്‍ എന്ന് വിളിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് എല്‍ ജി ബി ടി ആക്ടിവിസ്റ്റുകള്‍ ശക്തരാണ്, അക്രമകാരികളാണെന്ന് മുനീര്‍ വാദിക്കുന്നതെന്ന് അധ്യാപികയും ആക്റ്റിവിസ്റ്റുമായ ഡോ.മാളവിക ബിന്നി ചോദിച്ചു. എല്‍ ജി ബി ടി സമൂഹത്തെ മുനീര്‍ ആക്രമിച്ചിരിക്കുകയാണ്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ എല്‍ ജി ബി ടി സമൂഹത്തെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇട്ടുകൊടുക്കും. മറ്റൊരു ഉദാഹരണവും കിട്ടാത്തതുകൊണ്ടാണ് സ്റ്റോണ്‍ വാള്‍ കലാപത്തിലേക്ക് പോവുന്നത്. ന്യൂയോര്‍ക്ക് പൊലീസിന്റെ അടിച്ചമര്‍ത്തലില്‍ സഹികെട്ട് സ്വവര്‍ഗാനുരാഗികള്‍ തിരിച്ചടിച്ചതാണ് സ്റ്റോണ്‍വാള്‍ കലാപം. അത് അക്രമമാണെങ്കില്‍ സ്വാതന്ത്ര്യ സമരവും കലാപമാവുമെന്ന് മാളവിക ബിന്നി പറഞ്ഞു. മുനീറിന്റേത് പിന്തിരിപ്പന്‍ നിലപാടാണെന്ന് മാളവിക കുറ്റപ്പെടുത്തി.

Related News