സ്വയം സുരക്ഷ വിട്ടൊരു കളിയില്ല; ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ഉപയോഗിച്ച് കെഎസ്ആർടിസി ഓടിച്ച ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു

  • 23/09/2022

ആലുവ: ഹെൽമറ്റ് ഉപയോഗിച്ച് കെഎസ്ആർടിസി ഓടിച്ച ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിൽ നിന്നുള്ള കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് കല്ലേറ് അടക്കമുള്ള ആക്രമണങ്ങൾ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആർടിസി ബസ് ഡ്രൈവർ സുരക്ഷയുടെ ഭാഗമായി ഹെൽമറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്. 

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിർദ്ദേശിച്ചു. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു. 

ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകർന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാർക്ക് പരിക്കേറ്റു. കെഎസ്ർആർടിസി പലയിടത്തും സർവീസുകൾ നിർത്തി. പൊലീസ് സംരക്ഷണത്തോടെ മാത്രം സർവീസുകൾ മതിയെന്നാണ് യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം.

Related News