കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വകുപ്പുതല നടപടി; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

  • 24/09/2022

കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒടുവില്‍ വകുപ്പുതല നടപടി. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും അസിസ്റ്റന്റ് എന്‍ജിനീയറേയും മലപ്പുറത്തേക്ക് സ്ഥലം മാറ്റി. 

മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകള്‍ തകര്‍ന്നു വീണത്. തുടര്‍ന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാകുമാരി, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്‌സിന്‍ അമീന്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെങ്കിലും നടപടി വൈകുകയായിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തതും, ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതലയേല്‍പ്പിച്ചതും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിന് തൊട്ടുപുറകേയാണ് അഞ്ച് ദിവസം മുമ്പ്, റോഡ് ഫണ്ട് ബോര്‍ഡിലെ ഇരുവരുടെയും ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. അനിതകുമാരിയെ ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനറായും മുഹസിന് പൊതുമരാമത്ത് വിഭാഗം അസി. എന്‍ജിനീയര്‍ ആയി കൊണ്ടോട്ടിയിലും ആണ് പുതിയ നിയമനം. എന്നാല്‍ ഏറെ ആരോപണങ്ങള്‍ കേട്ട അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജുവിനെതിരെ നിലവില്‍ നടപടിയെടുത്തിട്ടില്ല. രണ്ട് ജില്ലകളിലായി 30ഓളം പ്രവൃത്തികളുടെ മേല്‍നോട്ടം ഈ ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്തിട്ടുണ്ട്.

Related News