ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്തക്രിയയ്‌ക്കെത്തിയ യുവതിയുടെ 2 വൃക്കകളും രോഗിയറിയാതെ മാറ്റിയതായി പരാതി

  • 25/09/2022

പട്‌ന: ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്തക്രിയയ്‌ക്കെത്തിയ യുവതിയുടെ 2 വൃക്കകളും രോഗിയറിയാതെ മാറ്റിയതായി പരാതി. ബീഹാറിലെ മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ പ്രദേശത്തെ നഴ്‌സിംഗ് ഹോം ആയ ശുഭ്കാന്ത് ക്ലിനികിലാണ് സംഭവം. സംഭവത്തില്‍ നഴ്‌സിംഗ് ഹോമിന്റെ ഉടമകളായ പവന്‍ കുമാര്‍, ആര്‍ കെ സിംഗ് എന്നിവര്‍ക്കെതിരെയും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നാം തീയതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ശുഭ്കാന്ത് ക്ലിനികില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കടുത്ത വയറുവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായതോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ വൃക്കകള്‍ നീക്കം ചെയ്തതായി കണ്ടെത്തിയത്.

'ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിക്ക് വയറുവേദന വന്നു. സെപ്തംബര്‍ ഏഴിന് ശ്രീകൃഷ്ണ മെഡികല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് യുവതിയെ പ്രവേശിപ്പിച്ചു. അവിടെ നടന്ന പരിശോധനയിലാണ് യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്'- സക്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ സരോജ് കുമാര്‍ പറഞ്ഞു.

അതേസമയം എന്നാല്‍ ഇരു വൃക്കകളും നീക്കം ചെയ്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ഐജിഐഎംഎസിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ രാജേഷ് തിവാരി പറഞ്ഞു.

Related News