നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

  • 26/09/2022

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. 

കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതികെ പൊലീസില്‍ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ചോദ്യം ചെയ്യാന്‍ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പൊലീസിന്റെ തിരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. 

എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. 'എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല'- ശ്രീനാഥ് ഭാസി പറഞ്ഞു.അതേസമയം പരാതിയില്‍ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കിനാവാത്തതാണെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related News