ഹൈക്കമാന്‍ഡിനെ അപമാനിച്ചുവെന്ന് അശോക് ഗെലോട്ടിനെതിരെ പരാതി

  • 26/09/2022

ജയ്പൂര്‍: രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. എംഎല്‍എ മാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിയമസഭാ കക്ഷി യോഗം വിളിച്ചത് ഗെലോട്ടിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയാകുമെന്ന് സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗെലോട്ട് പക്ഷത്തിന്റെ കടുത്ത നിലപാടിന് കാരണം എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതി മുഖ്യമന്ത്രി ചര്‍ച്ചയെന്ന ആവശ്യവും അംഗീകരിച്ചില്ല. ഇതോടെയാണ് രാജി നീക്കവുമായി എംഎല്‍എമാര്‍ രംഗത്തുവന്നത്. 92 എംഎല്‍എമാരും കഴിഞ്ഞ രാത്രി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. അതേസമയം, ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. രാജസ്ഥാനില്‍ കാര്യങ്ങള്‍ വഷളാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാന്‍ഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കള്‍ ആരോപിച്ചു.രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെലോട്ടുമായി കെ സി വേണുഗോപാല്‍ സംസാരിച്ചു. 

കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെലോട്ട് കെ സി വേണുഗോപാലിനോട് പറഞ്ഞത്. അതേസമയം എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരുമാനം ഹൈക്കമാന്‍ഡിന് വിടാനുള്ള പ്രമേയം പാസാക്കാനും നിര്‍ദ്ദേശം നല്‍കി.അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്റെ ശ്രമം. ഗെലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Related News