താഴ്ന്ന ജാതിയില്‍പെട്ട ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം നടത്തി; മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളും നാട്ടുകാരും

  • 26/09/2022

ഭുവനേശ്വര്‍: താഴ്ന്ന ജാതിയില്‍പെട്ട ഡോക്ടര്‍ പോസ്റ്റുമോര്‍ടം ചെയ്‌തെന്നാരോപിച്ച്‌ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതില്‍നിന്ന് വിട്ടുനിന്ന് ബന്ധുക്കളും നാട്ടുകാരും.

ഒഡീഷയിലെ ബര്‍ഗഡ് ജില്ലയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മൃതദേഹം ബൈകില്‍ കെട്ടിവച്ച്‌ കൊണ്ടുപോയി സംസ്‌കരിച്ചു.

കരള്‍ സംബന്ധമായ അസുഖത്താല്‍ ബുദ്ധിമുട്ടുകയായിരുന്ന മുചുനു സന്ധ എന്ന ദിവസക്കൂലിക്കാരനായ യുവാവ് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ടം നടത്തി വെള്ളിയാഴ്ച ആംബുലന്‍സില്‍ അദ്ദേഹത്തിന്റെ വീടിലെത്തിച്ചു. ഗര്‍ഭിണിയായ ഭാര്യയും മൂന്ന് വയസുള്ള മകളും അമ്മയും അതിന് ചുറ്റും ഇരുന്നു കരഞ്ഞു.

എന്നാല്‍ മുചുനുവിന്റെ ഗ്രാമത്തില്‍ നിന്നോ ബന്ധുക്കളോ ആരും തന്നെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയില്ല. തുടര്‍ന്ന് ഗ്രാമപഞ്ചായത് സര്‍പഞ്ചിന്റെ ഭര്‍ത്താവ് സുനില്‍ ബെഹ്റ മൃതദേഹം സംസ്‌കരിക്കാന്‍ ബൈകില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ സുനില്‍ ആംബുലന്‍സ് ഡ്രൈവറോടും മറ്റുള്ളവരോടും ആവശ്യപ്പെടുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ആംബുലന്‍സ് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതിനെ തുടര്‍ന്ന് സുനില്‍ മൃതദേഹം ബൈകില്‍ കെട്ടി ആംബുലന്‍സ് ഡ്രൈവറുടെയും സഹായികളുടെയും സഹായത്തോടെ സംസ്‌കാരത്തിനായി കൊണ്ടുപോയി അന്ത്യകര്‍മങ്ങള്‍ നടത്തുകയായിരുന്നു.

Related News