5.06 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി

  • 27/09/2022

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ തല്ലിത്തകര്‍ത്ത കേസില്‍ 5.6 കോടി നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഹര്‍ത്താല്‍ ആഹ്വാനം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് ആവശ്യം. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകിയപ്പോള്‍ സമരത്തിന് മുന്നില്‍ നിന്നവരാണ് ബസ് തകര്‍ക്കാന്‍ മുന്നില്‍ നിന്നതെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. 

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജിയിലാണ് ഹര്‍ത്താലിലെ ഭീമമായ നഷ്ടക്കണക്ക് കെഎസ്ആര്‍ടിസി നിരത്തിയത്. 2499 ബസ്സുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്താന്‍ തയ്യാറാക്കിയത്. 9770 ജീവനക്കാരും ഹാജരായി. എന്നാല്‍ സംസ്ഥാന വ്യാപകമായി ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടായതോടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. ശരാശരി 6 കോടി രൂപ പ്രതിദിന വരുമാനം ഉണ്ടായിരുന്ന സ്ഥാനത്ത് 2.13 കോടി രൂപ മാത്രമാണ് ഹര്‍ത്താല്‍ ദിനത്തില്‍ ലഭിച്ചത്. 58 ബസ്സുകള്‍ തകര്‍ക്കപ്പെട്ടു. 10 ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ 50 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഹര്‍ത്താലില്‍ ആകെ നഷ്ടം അഞ്ച് കോടി ആറ് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി എണ്‍പത്തി രണ്ട് രൂപയാണ്. ചില്ലുകള്‍ തകര്‍ത്തതില്‍ 9 ലക്ഷത്തിലേറെയും ഷെഡ്യൂളുകള്‍ മുടങ്ങിയതില്‍ 3 കോടി 95 ലക്ഷത്തിലധികം രൂപയും നഷ്ടമായി. ഈ നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി നല്‍കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. 

എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ കെഎസ്ആര്‍ടിസിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. എന്നാല്‍ ബസ്സുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകിയപ്പോള്‍ സമരത്തിന് മുന്നില്‍ നിന്നവരാണ് ബസ്സ് തകര്‍ക്കാനും നഷ്ടമുണ്ടാക്കാനും നേതൃത്വം കൊടുത്തതെന്നും ഹര്‍ജിയിലുണ്ട്.നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെ മുന്നോട്ട് പോകുന്ന കോര്‍പ്പറേഷന് ഭീമമായ ഈ നഷ്ടം പരിഹരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നഷ്ടത്തിന്റെയും, വരുമാനത്തിന്റെയും വിശദാംശങ്ങളും ഹര്‍ജിയിലുണ്ട്. തകര്‍ക്കപ്പെട്ട ബസുകളുടെ ചിത്രങ്ങളും കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി ഹൈക്കോടതി ഈ മാസം 29 ന് പരിഗണിക്കും.

Related News