പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു

  • 27/09/2022

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം  അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന്  കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്‌ഐക്ക്  അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.


റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷന്‍ ഒക്ടോപ്പസിന്റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടന്നത്. റെയ്ഡില്‍ 170 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ആദ്യം നടന്ന എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

Related News