ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്

  • 28/09/2022

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ആലുവയില്‍ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുള്‍ വഹാബ് വാടകക്ക് താമസിക്കുന്ന ഏലൂര്‍ക്കരയിലെ വീട്ടിലാണ് പരിശോധന പുരോഗമിക്കുന്നത്. 

പിഎഫ്‌ഐ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം. പരിശോധന നടക്കുന്ന സമയത്ത് വഹാബ് വീട്ടിലുണ്ടായിരുന്നില്ല. ബിനാനിപുരം, ആലുവ പൊലീസ് സംഘവും സ്ഥലത്തുണ്ട്.ഇന്നലെ സംസ്ഥാന പൊലീസിന്റെ നേതൃത്തിലും പലയിടത്തും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടന്നിരുന്നു.പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നിരോധിച്ചതായി അറിയിച്ചത്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ എന്‍.ഐ.എ കസ്റ്റഡിയിലെത്തു. ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവില്‍ പി.എഫ്.ഐ യുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റില്‍ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് കൊല്ലം പൊലീസ് ക്ലബില്‍ എത്തിച്ചതിന് പിന്നാലെ കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ദേശീയ അന്വേഷണ ഏജന്‍സി പോപ്പുലര്‍ ഫ്രണ്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സത്താര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോയിരുന്നു. ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു.പോപ്പുലര്‍ ഫ്രണ്ടിന്റെ വനിത വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ എട്ട് സംഘടനകളും അഞ്ച് വര്‍ഷത്തേക്കാണ് നിരോധിക്കപ്പെട്ടത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിലുണ്ടായിരുന്നവര്‍ സിറയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമുളള ഭീകരസംഘടനകളിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കേരളത്തിലെ സഞ്ജിന്റേതും അഭിമന്യുവിന്റയും ബിബിന്റെയും അടക്കമുളള കൊലപാതകങ്ങളും കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഉള്‍പ്പെടെ കൊലപാതകങ്ങളും നടത്തിയത് പിഎഫ്‌ഐയാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിന് പിന്നിലും പിഫ്‌ഐ ആയിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.



Related News