റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമില്ലെന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാദം തള്ളി അബ്ദുല്‍ വഹാബ്

  • 28/09/2022

കോഴിക്കോട്: റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എലിന് ബന്ധമില്ലെന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാദം തള്ളി സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബ്. മന്ത്രിയുടെ വാദം അംഗീകരിക്കാന്‍ ആകില്ല. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് ഇരിക്കുന്നതിന്റെ പേരിലാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായി പിണങ്ങിയതെന്നും എ പി അബ്ദുള്‍ വഹാബ് പറഞ്ഞു. 


മുഹമ്മദ് സുലൈമാന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെ ദേശീയ വൈസ് പ്രസിഡന്റ്. കഴിഞ്ഞ കുറെ കാലമായി മുഹമ്മദ് സുലൈമാന്‍ തന്നെയാണ് സംഘടനയുടെ ചുമതല വഹിച്ചുകൊണ്ടിരുന്നതെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
ഒരു പ്രത്യയ ശാസ്ത്രത്തെയും നിരോധം കൊണ്ട് ഉന്മൂലനം ചെയ്യാനാകില്ലെന്നും ആര്‍എസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎന്‍എല്‍ നേതാവ് കാസിം ഇരിക്കൂര്‍ പറഞ്ഞു. നിരോധനത്തിന് പകരം ആശയപരമായി നേരിടുകയാണ് വേണ്ടത്. അതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കില്ലെന്നും ഐഎന്‍എല്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ഐഎന്‍എലിനെതിരായ ആരോപണങ്ങള്‍ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രന്‍ മാധ്യമങ്ങളിലൂടെ പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നു. മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്നും ദേവര്‍കോവില്‍ പറഞ്ഞു.

'റിഹാബ് ഫൗണ്ടേഷനുമായി തന്നെയും തന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സംഘടനയോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്', അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

Related News