എ.കെ ആന്റണിയെ ടെട്രാ ട്രക്ക് അഴിമതി കേസില്‍ കോടതി വിസ്തരിച്ചു

  • 28/09/2022

ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ ടെട്രാ ട്രക്ക് അഴിമതി കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയെ ഡല്‍ഹി കോടതി വിസ്തരിച്ചു. ഈ കേസില്‍ സിബിഐ കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ആന്റണി ഇന്ന് ഹാജരായത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ആന്റണിയുടെ ഡല്‍ഹി യാത്ര ഏറെ ചര്‍ച്ചയായിരുന്നു. സോണിയ ഗാന്ധി വിളിച്ചിട്ടാണ് ആന്റണി ഡല്‍ഹിയിലേക്കു പോകുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ആന്റണി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തേക്കുമെന്ന് വരെയായിരുന്നു പ്രചാരണം.


മന്ത്രി ജനറല്‍ വി.കെ സിങ് നല്‍കിയ പരാതിയിലാണ് ടെട്രാ ട്രക്ക് അഴിമതി കേസില്‍ അന്വേഷണം നടക്കുന്നത്.സൈന്യത്തിന് വേണ്ടി ടട്രാ ട്രക്കുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നതായി അന്ന് കരസേനാ മേധാവി ജനറല്‍ വികെ സിംഗ് ആരോപിച്ചിരുന്നു.2010 സെപ്തംബര്‍ 22 ന് വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് കൈക്കൂലി വാഗ്ദാനം ചെയ്തതായായാണ് ആരോപണം. തേജീന്ദര്‍ സിംഗ് വി കെ സിങ്ങിനെ കണ്ട് ടെട്രാ ട്രക്കുകള്‍ വാങ്ങുന്നതിന് പച്ചക്കൊടി കാണിക്കാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായാണ് ആരോപണം. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി കെ സിങ് പരാതി നല്‍കിയത്.

തുടര്‍ന്ന് സിബിഐ കേസെടുത്തു.ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ്ങിനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തേജീന്ദര്‍ സിംഗ് നേരത്തെ അറസ്റ്റിലായിരുന്നു. ആന്റണിക്ക് പുറമെ പരാതിക്കാരനായ വി.കെ.സിങ്ങിനെയും കേസില്‍ വിസ്തരിക്കും.

Related News