പ്രേമനന്റെ മകള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് വീട്ടിലെത്തിച്ച് നല്‍കി കെ.എസ്.ആര്‍.ടി.സി അധികൃതര്‍

  • 29/09/2022

തിരുവനന്തപുരം: കാട്ടക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദനത്തിനിരയായ പ്രേമനന്റെ മകള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് ലഭിച്ചു. കണ്‍സഷന്‍ കാര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചു നല്‍കി. കണ്‍സഷനുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രേമനന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനമേറ്റതിന്റെ പ്രധാനകാരണം. 

കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെങ്കില്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമര്‍പ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് കൈവശമില്ലെന്ന് പ്രേമനന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടാവുകയും അത് മര്‍ദനത്തിലെത്തുകയും ചെയ്തത്. തന്നെ മര്‍ദിച്ചത് സംബന്ധിച്ച് പ്രേമനന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഒരാളേയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഡിപ്പോയില്‍ മര്‍ദനമേറ്റ പ്രേമനന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന വാദമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കി വീഡിയോയില്‍ ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു കൈമാറിയതാണെന്നും ജാമ്യം തേടിയുള്ള അപേക്ഷയില്‍ പ്രതികള്‍ പറയുന്നു. 

പ്രേമനന്‍ സ്ഥിരം പരാതിക്കാരനാണ്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പോലീസ് തങ്ങള്‍ക്കെതിരേ സ്ത്രീപീഡനം വരുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയതെന്നും പ്രതികള്‍ ആരോപിക്കുന്നു.2022 സെപ്റ്റംബര്‍ 20-നാണ് മകള്‍ രേഷ്മയുടെ കണ്‍സെഷന്‍ പുതുക്കാന്‍ പ്രേമനന്‍ മകള്‍ക്കൊപ്പം കാട്ടാക്കട ഡിപ്പോയിലെത്തിയത്. അവിടെവച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ അച്ഛനെയും മകളെയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്.

Related News