സി.പി.ഐയില്‍ വ്യക്തികേന്ദ്രീകരണ രീതിയില്ലെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും കാനം രാജേന്ദ്രന്‍

  • 29/09/2022

തിരുവനന്തപുരം: വിഭാഗീയതയും വ്യക്തി കേന്ദ്രീകരണ രീതിയും പാര്‍ട്ടിയില്‍ ഇല്ലെന്നും അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ മുന്‍കാല ചരിത്രം ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം പറഞ്ഞു. 

സി.പി.ഐയില്‍ കാനം-സി.ദിവാകരന്‍ പോര് രൂക്ഷമായിരിക്കേയാണ് മുന്നറിയിപ്പുമായി കാനം രാജേന്ദ്രനെത്തിയത്. സി.പി.ഐയുടെ മുഖപുസ്തകമായ നവയുഗത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കായി എഴുതിയ സന്ദേശത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കുന്നത്.പാര്‍ട്ടിയുടെ സ്വതന്ത്രമായ വ്യക്തിത്വം സംരക്ഷിച്ച് കൊണ്ടു തന്നെയാണ് മുന്നണിയില്‍ സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം എല്‍.ഡി.എഫില്‍ ഉന്നയിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല. എന്തുകൊണ്ട് ചിലകാര്യങ്ങളില്‍ അഭിപ്രായം പറയുന്നില്ല എന്ന് മാധ്യമങ്ങളും മറ്റ് ചിലരും ചോദിക്കുന്നുണ്ട്. ഐക്യ മുന്നണി സംവിധാനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സി.പി.ഐക്കറിയാം. പരസ്യമായ വിഴുപ്പക്കല്‍ സി.പി.ഐയുടെ ശീലമല്ലെന്നും കാനം സന്ദേശത്തില്‍ വ്യക്തമാക്കി. ഇതിനിടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയില്‍ നിന്ന് സി.ദിവാകരനും കെ.ഇ ഇസ്മയീലും വിട്ടു നിന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍ കെ.ഇ ഇസ്മയീലായിരുന്നു കൊടിമരം കൈമാറേണ്ടിയിരുന്നത്. ഇവര്‍ വിട്ട് നിന്നതോടെ മന്ത്രി ജി.ആര്‍ അനിലാണ് കൊടിമരം കൈമാറിയത്.

Related News