ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നിഷേധിച്ച് തമിഴ്‌നാട്

  • 29/09/2022

ചെന്നൈ: ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന ആര്‍.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി തേടി തിരുവള്ളൂര്‍ പൊലീസിന് നല്‍കിയ അനുമതിയാണ് നിഷേധിച്ചത്. ഈ തീരുമാനത്തിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു.

മദ്രാസ് ഹൈക്കോടതി നേരത്തെ റാലിക്ക് അനുമതി നല്‍കാന്‍ പൊലീസിനോട് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചതാണ് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കല്‍ എസ്.പി, ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചത്.
ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്റെ സെപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ ബി രാബു മനോഹര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

അതിനിടെ, സംസ്ഥാനത്തൊട്ടാകെയുള്ള ആര്‍എസ്എസ് പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് തോല്‍ തിരുമാവളവന്‍ സമര്‍പ്പിച്ച ഹരജികളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് നിരസിച്ചു.

Related News