വിവാദങ്ങള്‍ക്കിടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

  • 30/09/2022

തിരുവനന്തപുരം: നേതാക്കളുടെ പരസ്പര വാദപ്രതിവാദങ്ങള്‍ തീര്‍ത്ത വിവാദങ്ങള്‍ക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പുത്തരിക്കണ്ടം മൈതാനിയില്‍ വൈകിട്ട് പതാകയുയര്‍ത്തും. 

അതേസമയം, പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.ദിവാകരനെതിരെ നടപടി വേണമോ എന്ന് സമ്മേളനത്തിന് കൊടിയുയരും മുന്‍പ് ചേരുന്ന എക്‌സിക്യൂട്ടീവ് തീരുമാനിക്കും. അച്ചടക്കലംഘനം നടത്തിയ ദിവാകരനെ പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കും. 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വൈകിട്ട് ആറുമണിക്ക് കൊടിയുയരും. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറിലും പൂര്‍ത്തിയായി. നേതാക്കള്‍ തമ്മിലുള്ള ചേരിതിരിവ് പരസ്യമായിരിക്കെ കടുത്ത പിരമുറക്കത്തിലാണ് കൊടിയുയരുന്നത്. നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടുനിന്നത് വിഭാഗീയതയുടെ തീവ്രത വ്യക്തമാക്കുകയാണ്. പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

കാനം രാജേന്ദ്രന്‍ സെക്രട്ടറി പദവിയില്‍ ഒരു ടേം കൂടി ഉണ്ടെങ്കിലും അട്ടമറിക്കാണ് വിമതപക്ഷം കരുക്കള്‍ നീക്കുന്നത്. എന്നാല്‍ വിമതപക്ഷത്തിന് ചുക്കാന്‍ പിടിക്കുന്ന സി ദിവാകരനെതിരെ നടപടി വന്നേക്കും. ഉച്ചക്ക് രണ്ടുമണിക്ക് ചേരുന്ന എക്‌സിക്യൂട്ടീവ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ദിവാകരനെ ഒഴിവാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ആലോചന. എന്നാല്‍ സമ്മേളനത്തിന് തൊട്ടുമുന്‍പ് തീവ്രമായ നടപടിയിലേക്ക് പോകാന്‍ കമ്മിറ്റിയില്‍ പൂര്‍ണ പിന്‍തുണ കിട്ടുമോ എന്നതാണ് സംശയം. എതിര്‍ശബ്ദങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള കൊടിമര ജാഥയും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാക ജാഥയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ബാനര്‍ ജാഥയും വൈകിട്ട് നാലു മണിയോടെ പുത്തരിക്കണ്ടം മൈതനായില്‍ എത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

Related News