പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് രേഖാമൂലം അറിയിച്ച് യു.ജി.സി

  • 30/09/2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ വിവാദമായ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടബോര്‍ 20 വരെ നീട്ടി. പ്രിയാ വര്‍ഗീസിന് നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചു. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. നേരത്തെ യുജിസി ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് രേഖമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലം യുജിസി കോടതിയില്‍ നല്‍കിയത്.പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരി ചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യുജിസി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. യുജിസിക്കുവേണ്ടി ഡല്‍ഹിയിലെ യുജിസി എഡ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാങ്മൂലം നല്‍കിയത്. സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും,സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ കാലയളവും ഒഴിവായാല്‍,ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജ്ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനുള്ളത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രിയവര്‍ഗീസിന് കോടതി സമയം അനുവദിച്ചു.പ്രിയവര്‍ഗീസിന്റെ നിയമനം ചാന്‍സിലര്‍ കൂടിയര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്.ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

Related News