നടപടിയിലുറച്ച് കെ.എസ്.ആര്‍.ടി.സി; ഒടുവില്‍ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങി ജീവനക്കാര്‍

  • 30/09/2022

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിനെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് അവസാനനിമിഷം പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ പണിമുടക്കുമെന്നായിരുന്നു ടിഡിഎഫ് നേരത്തെ അറിയിച്ചിരുന്നത്. പിന്‍മാറുന്നതില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്ന എതിര്‍പ്പ് സമവായത്തിലെത്തിച്ചശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്. 

ഹൈക്കോടതി വിധി കണക്കിലെടുത്താണ് പിന്‍മാറ്റമെന്ന് നേതാക്കള്‍ അറിയിച്ചു.എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ലഭിക്കുമെന്ന് കരുതേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു മാനേജ്മെന്റ്. ഇത്തരത്തില്‍ സമരം നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് കടന്നതും പിന്‍വാങ്ങുന്നതിലേക്ക് നയിച്ചുവെന്നുവേണം കരുതാന്‍. പണിമുടക്ക് മുന്‍കൂട്ടിക്കണ്ട് സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ മാനേജ്‌മെന്റ് നേരത്തെ നടത്തിയിരുന്നു. പൂജാ അവധി പ്രമാണിച്ച് തിരക്കുണ്ടാകാനിടയുള്ളത് പരിഗണിച്ചായിരുന്നു ക്രമീകരണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നിഷേധിച്ചുകൊണ്ട് ഡയസ്‌നോണ്‍ ഉത്തരവും ഇറക്കിയിരുന്നു. 

പണിമുടക്കുന്ന ജീവനക്കാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി ആന്റണി രാജുവും സി.എം.ഡിയും മുന്നറിയിപ്പ് നല്‍കുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അവസാന നിമിഷം പണിമുടക്ക് പിന്‍വലിച്ചതായി ടിഡിഎഫ് അറിയിച്ചത്. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധി 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനം ശനിയാഴ്ച മുതല്‍ നടപ്പില്‍വരും. പാറശാല ഡിപ്പോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്യൂട്ടി പരിഷ്‌കരണം നടത്തുന്നത്.

Related News