പൂച്ചയുടെ കടിയേറ്റ് കുത്തിവെപ്പെടുക്കാന്‍ എത്തിയ യുവതിയെ നായ കടിച്ചു

  • 30/09/2022

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റതിന് വാക്സിനെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിയെ നായ കടിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കോട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. ആശുപത്രിക്കു മുന്നിൽ വച്ച് തെരുവുനായ കടിക്കുകയായിരുന്നു.

ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. അപർണയ്ക്ക് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ ഐപി ബ്ലോക്കിൽ ഇരിക്കുമ്പോഴാണ് അവിടെ കിടന്നിരുന്ന നായ അപർണയെ ആക്രമിച്ചത്. ആക്രമണത്തില്‍ കാലിന് ആഴത്തിൽ മുറിവേറ്റു.

വര്‍ഷങ്ങളായി ആശുപത്രിയില്‍ കഴിയുന്ന നായയാണ് ഇതെന്നും ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ്  ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ നായയ്ക്ക്‌ വാക്‌സിനെടുത്തിരുന്നില്ല. കടിയേറ്റ യുവതിയെ നിരീക്ഷിച്ച് വരികയാണ്. 

(പ്രതീകാത്മക ചിത്രം)

Related News