ട്രെയിനില്‍ പെരുമ്പാമ്പുകളെ കടത്തി; റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍

  • 30/09/2022

കണ്ണൂര്‍: രാജധാനി എക്‌സ്പ്രസില്‍ പെരുമ്പാമ്പുകളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ(40)യെ  ആണ് റെയില്‍വേ സുരക്ഷാസേന പിടികൂടിയത്. ഇയാളെയും പിടികൂടിയ പാമ്പുകളെയും കോഴിക്കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.

നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസില്‍ പ്ലാസ്റ്റിക് ബാഗിലാണ് നാലു പെരുമ്പാമ്പുകളെ കടത്തിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാമ്പുകളെ കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. മൂന്നുലക്ഷംരൂപ വിലയുണ്ടെന്നാണ് വാങ്ങാനെത്തിയ ആള്‍ പറഞ്ഞത്. ഇയാളെയും പിടികൂടി.

ട്രെയിന്‍ കണ്ണൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എ ടു കോച്ചില്‍ നിന്ന് പുറത്തിറങ്ങിയ കമല്‍കാന്ത് ശര്‍മ ഒരു പ്ലാസ്റ്റിക് പെട്ടി കൈമാറി. ഇത് വണ്ടിയിലെ എസ്‌കോര്‍ട്ടിങ് എഎസ്‌ഐയും സംഘവും ശ്രദ്ധിക്കുന്നതു കണ്ടതോടെ പെട്ടി വാങ്ങാന്‍ വന്നയാള്‍ മുങ്ങി. തുടര്‍ന്ന് സംശയം തോന്നിയ സംഘം പെട്ടി തുറന്നപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ കണ്ടത്. 

വസായി റോഡ് സ്‌റ്റേഷനില്‍നിന്ന് ഒരാള്‍ അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഏല്‍പ്പിച്ചതാണെന്നും വാങ്ങാനായി കണ്ണൂര്‍ സ്‌റ്റേഷനില്‍ ആള്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും കമല്‍കാന്ത് ശര്‍മ പോലീസ് സംഘത്തോട് പറഞ്ഞു. ആര്‍പിഎഫിന്റെ നിര്‍ദേശപ്രകാരം പോലീസിനെ കണ്ട് മുങ്ങിയ വാങ്ങാന്‍ വന്നയാളെ ഫോണില്‍ വിളിച്ച് കോഴിക്കോട് വന്നാല്‍ സാധനം തരാമെന്ന് പറഞ്ഞു. ഇതിനുസരിച്ച് പെട്ടി എത്തിയ ആളെ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു.

Related News