തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കിവിട്ടു

  • 01/10/2022

തിരുവനന്തപുരം:  യാത്രക്കാര്‍ക്ക് നേരെ കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറുടെ അസഭ്യവര്‍ഷം.
ചിറയിന്‍കീഴില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. തൊഴിലുറപ്പ് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെയാണ് കണ്ടക്ടര്‍ അസഭ്യം പറഞ്ഞത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ ജീവനക്കാരിക്കെതിരെയാണ് പരാതി. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ യാത്രക്കാര്‍ ബസില്‍ കയറിയിരുന്നതാണ് കണ്ടക്ടറെ പ്രകോപിതയാക്കിയത്.

തനിക്ക് ആഹാരം കഴിക്കാനുള്ള ഇടമാണെന്നും സ്റ്റാഫ് അല്ലാതെ മറ്റാരും ബസില്‍ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞാണ് ഇവര്‍ യാത്രക്കാരെ ഇറക്കിവിട്ടത്. ചിലര്‍ ഇറങ്ങി പോകാന്‍ തയാറാകാതെ വന്നതോടെയാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നേരെ മോശമായി സംസാരിച്ചത്.


'നിങ്ങള്‍ക്ക് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല, തനിക്ക് ആരെയും പേടിയില്ല, പോലീസിനെയോ ആരെ വേണമെങ്കിലും വിളിച്ചു കൊണ്ടുവാ' എന്നായിരുന്നു കണ്ടക്ടറുടെ വെല്ലുവിളി.

കണ്‍സെഷന്‍ പുതുക്കാനെത്തിയെ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം അവസാനിക്കുന്നതിന് മുന്‍പാണ് വീണ്ടുമൊരു സംഭവം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്.

Related News