വിവാഹത്തിന് ക്ഷണിച്ചില്ല; അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ചു, യുവാക്കള്‍ പിടിയില്‍

  • 01/10/2022

ഇടുക്കി: ഇടുക്കിയില്‍ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ചു.  മുളകുപാറയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ വ്യാഴാഴ്ച കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാരോപിച്ച് യുവാക്കള്‍ സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ശേഷം വീടിന്റെ ജനാലയും കതകും അടിച്ചുതകർക്കുകയായിരുന്നു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ആക്രമിച്ചു. 

സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചത് കണ്ട് തടയാനെത്തിയപ്പോഴാണ് ലീലക്കും മർദ്ദനമേറ്റത്. പരിക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതികളെ പോലീസിൽ ഏൽപ്പിച്ചത്. 

Related News