ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; കൊലയ്ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പക

  • 01/10/2022

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ ദമ്പതിമാരില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. 

അയല്‍വാസിയായ മുൻ സൈനികൻ ശശിധരന്‍ നായര്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം ഇരുവരേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പെട്രോളുമായി വീട്ടിലെത്തിയ ശശിധരൻ നായർ പ്രഭാകരക്കുറുപ്പിന്റെയും വിമല കുമാരിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. അതിനു മുമ്പ് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാൾ രണ്ടുപേരെയും ആക്രമിച്ചു. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകരക്കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായ‍‍ർ.

ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഭാകരക്കുറുപ്പിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തുമ്പോഴേയ്ക്കും മരിച്ചു. 

രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. മകന് അവിടെ ജോലിയും ശരിയാക്കി നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഇതിന് പിന്നാലെ ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്.  
 

Related News