നരബലി നടത്തിയാൽ നിധി കിട്ടും; പൂജക്കിടെ മന്ത്രവാദി കർഷകനെ തലക്കടിച്ചു കൊലപ്പെടുത്തി

  • 01/10/2022

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നരബലി. തേങ്കനിക്കോട്ടാണ് നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസത്തിൽ മന്ത്രവാദി കർഷകനെ പൂജക്കിടെ തലക്കടിച്ചു കൊലപ്പെടുത്തിയത്. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്.

രണ്ട് ദിവസം മുമ്പാണ് സ്വന്തം കൃഷിയിടത്തിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെറ്റിലത്തോട്ടത്തിൽ കണ്ടെത്തിയ ലക്ഷ്മണന്‍റെ മൃതദേഹത്തിന് സമീപം ആഭിചാര ക്രിയകൾ നടന്നതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. സിന്ദൂരം, നാരങ്ങ, കർപ്പൂരം തുടങ്ങിയ മൃതദേഹത്തിന് സമീപം കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് നരബലിയാണെന്ന് തെളിഞ്ഞത്.  

ലക്ഷ്മണനെ അവസാനം ഫോൺ ചെയ്തത് ധർമപുരി സ്വദേശിയായ മണി ആയിരുന്നു. മന്ത്രവാദവും മന്ത്രവാദ ചികിത്സയും നടത്തുന്നയാളാണ് മണി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ലക്ഷ്മണന്‍റെ വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്ന് മണി നേരത്തേ ലക്ഷ്മണനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നിധി കൈക്കലാക്കാൻ നരബലി നടത്തണമെന്നും ഇയാള്‍ പറഞ്ഞു. മണിയുടെ അടുത്ത് മന്ത്രവാദ ചികിത്സയ്ക്ക് വരുന്ന യുവതിയെ ബലി നൽകാനായിരുന്നു പദ്ധതിയിട്ടത്.

ഇതനുസരിച്ച് ചികിത്സയുമായി ബന്ധപ്പെട്ട പൂജകൾക്ക് വെറ്റിലത്തോട്ടത്തിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പൂജ തുടങ്ങിയിട്ടും ഇവർ എത്തിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് ലക്ഷ്മണനെ ബലി നൽകാൻ മണി തീരുമാനിക്കുകയും തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം നിധിക്കായി വെറ്റിലത്തോട്ടമാകെ പരതിയെങ്കിലും നിധി കണ്ടെത്താനായില്ല. തുടർന്ന് ഇയാള്‍ മൃതദേഹം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

Related News