കോടിയേരിയുടെ മൃതദേഹം ഇന്ന് തലശ്ശേരിയിലെത്തിക്കും

  • 02/10/2022


സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈയില്‍ നിന്ന് പതിനൊന്നു മണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. ആദ്യം തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം, ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11-മുതല്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം. നാളെ തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. 

പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി തലശേരിയില്‍ നിന്ന് അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തരമന്ത്രിയും ടൂറിസം മന്ത്രിയുമായി.ഒരു പതിറ്റാണ്ടുകാലം സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ ഏകശിലാരൂപമാക്കി തീര്‍ക്കുന്നതിന് പിണറായി വിജയനൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിച്ച സൗമ്യനും കര്‍ക്കശക്കാരനുമായ പാര്‍ട്ടി സെക്രട്ടറി. തുടര്‍ഭരണമെന്ന ചരിത്രനേട്ടം കൈവരിക്കുന്നതിന് കാരണമായ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനത്തിന്റെ നെടുംതൂണുമായിരുന്നു കോടിയേരി. മുഖ്യമന്ത്രി പദവിയിലെത്താനായില്ല എന്നതുമാത്രമാണ് നേതാവെന്ന നിലയില്‍ അദ്ദേഹത്തെ അപൂര്‍ണനാക്കിയത്.

ആരായിരുന്നു കോടിയേരി എന്ന ചോദ്യം ലളിതമാണ്. എന്തായിരുന്നു കോടിയേരി എന്നു ചോദിച്ചാല്‍ കുഴയും. സൗമ്യനാണ്, അതേസമയം കര്‍ക്കശക്കാരനും. പ്രത്യയശാസ്ത്രഭാരമില്ല, പക്ഷേ പ്രത്യയശാസ്ത്ര വ്യക്തതയുണ്ട്. പിണറായി പക്ഷമായിരുന്നു, എന്നാല്‍ വി.എസ് വിരുദ്ധതയുടെ തലപ്പത്തില്ല. പാര്‍ട്ടിയായിരുന്നു എല്ലാം, തുല്യപ്രാധാന്യം കുടുംബത്തിനും. സിപിഎമ്മിന്റെ എക്കാലത്തെയും വലിയനേതാക്കളുടെ നിരയിലേക്ക് ഉയര്‍ന്നില്ലെങ്കിലും കാലംആവശ്യപ്പെട്ട ഉന്നതനേതാവായി. രാഷ്ട്രീയവ്യത്യാസമില്ലാതെ പൊതു സ്വീകാര്യനായിരുന്നു. അനുനയത്തിന്റെയും മിതഭാഷണത്തിന്റെയും മധ്യപാതയായിരുന്നു പാര്‍ട്ടിയിലെ കോടിയേരിവഴി. പാര്‍ട്ടിക്കും സര്‍ക്കാരിനും കാലിടറിയപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അസാധാരണ മെയ് വഴക്കം കോടിയേരി പരിചയാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്തുകേസ് ഉദാഹരണം. 

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് കോടിയേരിയുടെ വരവ്. മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിനും നാരായണിയമ്മയ്ക്കും നാല് പെണ്‍മക്കള്‍ പിറന്നശേഷം 1953 നവംബര്‍ 16ന് ജനിച്ച ആണ്‍കുട്ടിയായിരുന്നു ബാലകൃഷ്ണന്‍. അമ്മയായിരുന്നു എല്ലാം. അച്ഛന്‍ മരിച്ച ശേഷം കൃഷിപ്പണികള്‍ ചെയ്തും അയല്‍വീടുകളില്‍ പാലുവിറ്റും ബാലകൃഷ്ണന്‍ അമ്മയ്ക്ക് താങ്ങായി. നാട്ടിലെ സാഹചര്യങ്ങളും സ്‌കൂള്‍ജീവിതവുമാണ് ബാലകൃഷ്ണനെ കമ്യൂണിസ്റ്റാക്കിയത്. 1970ല്‍ സജീവ സിപിഎം പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നുകാരന്‍ കോടിയേരി അറസ്റ്റിലായി. പിന്നെ ഒന്നര വര്‍ഷക്കാലം ജയിലില്‍. അന്ന് സഹതടവുകാരനായിരുന്നു അയല്‍ നാടായ പിണറായിയില്‍ നിന്നുള്ള വിജയന്‍. കൊടിയമര്‍ദനമേറ്റ പിണറായി വിജയനെ ജയിലില്‍ ശുശ്രൂഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കോടിയേരിയെ. അന്നു ജയില്‍ ഒരുമിച്ചവര്‍ പിന്നെ ഒരേസമയത്ത് മുഖ്യമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നയിച്ചത് ചരിത്രം. വിഭാഗീയതയുടെ കാലത്ത് ഇരുവരും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചെങ്കിലും കോടിയേരിക്കത് പിണറായി പക്ഷത്തെക്കാള്‍ ഔദ്യോഗിക പക്ഷമായിരുന്നു. പാര്‍ട്ടി സംഘടനയും നിലപാടുമായിരുന്നു എക്കാലത്തും കോടിയേരിയെ നയിച്ചത്.

Related News