സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി സൂചന

  • 02/10/2022

ചണ്ഡീഗഢ്: പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാല കൊലപാതക കേസിലെ മുഖ്യപ്രതി ദീപക് ടിനു പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ശനിയാവ്ച രാത്രി പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ചാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

മാന്‍സ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ദീപകിനെ ഗോയിന്ദ്ബാല്‍ സാഹിബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ടിനു രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടാനായി ഊര്‍ജിതമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സിദ്ധുവിന്റെ കൊലപാതക കേസില്‍ പങ്കുള്ള മറ്റൊരു പ്രതിയും ഗുണ്ടാനേതാവുമായ ലോറന്‍സ് ബിഷ്ണോയിയുടെ വലംകൈയാണ് രക്ഷപ്പെട്ട ദീപക് ടിനു. മെയ് 29നാണ് ഗായകന്‍ സിദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ജീപ്പില്‍ വീട്ടിലേക്ക് വരികയായിരുന്ന സിദ്ധുവിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ 24 പ്രതികളുണ്ടെന്നാണ് പോലീസ് ചാര്‍ജ്ഷീറ്റില്‍ പറയുന്നത്.

Related News