കാട്ടാക്കടയിലെ മര്‍ദ്ദനം; ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കൂടി അറസ്റ്റില്‍

  • 02/10/2022

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പന്നിയോട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇനി മൂന്നുപേരാണ് പിടിയിലാകാനുള്ളത്.


ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനായ എസ്.ആര്‍.സുരേഷ് കുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തിരുമല ചാടിയറയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘത്തിന്റേതാണ് നടപടി. കേസിലെ എല്ലാ പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആദ്യ അറസ്റ്റ്.
സെപ്റ്റംബര്‍ 20 നാണ് ആമച്ചല്‍ സ്വദേശി പ്രേമനെ മകളുടെ മുന്നിലിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്. മകളുടെ യാത്രാ സൗജന്യത്തെ ചൊല്ലിയുടെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുട്ടിയുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയില്‍ കുട്ടിയുടെ മുന്നില്‍വെച്ച് മര്‍ദിക്കല്ലേ എന്ന് ഒരാള്‍ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നത് കേള്‍ക്കാം. പ്രേമന്‍ കുട്ടിയുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാനായാണ് കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കൂ എന്ന് ജീവനക്കാര്‍ പ്രേമനോട് പറഞ്ഞു.

ഒരു മാസം മുന്‍പ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കണ്‍സെഷന്‍ ടിക്കറ്റ് വാങ്ങിയതാണെന്നും ഇത് പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്ന് പ്രേമന്‍ പറഞ്ഞു. എന്നാല്‍ അത് നിങ്ങളാണോ തീരുമാനിക്കുന്നതെന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തത് എന്ന് പറഞ്ഞതോടെ കയ്യേറ്റം ഉണ്ടാവുകയായിരുന്നു.

Related News