ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

  • 02/10/2022

മുംബൈ : മുംബൈയില്‍ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം ഉണ്ടായത്. സാബിർ അൻസാരി എന്ന കുട്ടിയാണ് മരിച്ചത്. 

സെപ്തംബർ 23 ന് പുലർച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റു. ഷോർട്ട് സെർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

ലിവിംഗ് റൂമിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. ഭയങ്കരമായ ശബ്ദം കേട്ടാണ് സാബിറിന്റെ അമ്മ ഉണർന്നത്. അപകടത്തിൽ മുത്തശ്ശിക്കും പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചുകിത്സയിലിരിക്കെ സെപ്തംബർ 30നാണ് മരണത്തിന് കീഴടങ്ങിയത്. 

സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ ഫർണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി. ജയ്പൂർ കേന്ദ്രമായുള്ള സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.  
 

Related News