ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര വിജയം

  • 02/10/2022

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (2-0) സ്വന്തമാക്കിയത്. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത്. 

ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് - ഡേവിഡ് മില്ലര്‍ സഖ്യം ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 221-ല്‍ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയ മില്ലര്‍ 47 പന്തില്‍ നിന്ന് ഏഴ് സിക്സും എട്ട് ഫോറുമടക്കം 106 റണ്‍സോടെ പുറത്താകാതെ നിന്നു. 48 പന്തുകള്‍ നേരിട്ട ഡിക്കോക്ക് നാല് സിക്സും മൂന്ന് ഫോറുമടക്കം 69 റണ്‍സെടുത്തു. 238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെംബ ബവുമയെ (0) അര്‍ഷ്ദീപ് സിങ് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ റിലീ റോസ്സൗവും (0) മടങ്ങി. പിന്നീട് ഏയ്ഡന്‍ മാര്‍ക്രവും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് സ്‌കോര്‍ 47 വരെയെത്തിച്ചു. 

ഡിക്കോക്ക് തുടക്കത്തില്‍ പതറിയെങ്കിലും ഏയ്ഡന്‍ മാര്‍ക്രം തകര്‍ത്തടിച്ചു. 19 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത മാര്‍ക്രത്തെ ഏഴാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു.എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് നാലാം വിക്കറ്റില്‍ ഡിക്കോക്കിനൊപ്പം ഡേവിഡ് മില്ലര്‍ ചേരുന്നത്. അതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് ജീവന്‍ വെച്ചു. തകര്‍ത്തടിച്ച മില്ലറായിരുന്നു ആദ്യ കൂടുതല്‍ അപകടകാരി. പിന്നാലെ ഡിക്കോക്കും താളം വീണ്ടെടുത്തു. എന്നാല്‍ 17 ഓവര്‍ ആയപ്പോഴേക്കും ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി.

Related News