യുവാവിനെ കൊലപ്പെടുത്തി വീട്ടില്‍ കുഴിച്ചിട്ട കേസ്; മുഖ്യപ്രതി അറസ്റ്റില്‍

  • 02/10/2022

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ  ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചങ്ങനാശ്ശേരി പോലീസിന് പ്രതിയെ കൈമാറി. 

ശനിയാഴ്ചയാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വാടക വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാര്‍ ആണെന്ന് പോലീസിന് സൂചന ലിച്ചിരുന്നു. ബിന്ദുകുമാറിനെ (40 ) കാണാനില്ലെന്ന് ഇയാളുടെ മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു. 

ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ സുഹൃത്തായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറയ്‌ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം.

ബിന്ദു കുമാറിൻറെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. തുട‍‍ര്‍ന്ന് മൊബൈൽ ടവര്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഇയാൾ മുത്തുകുമാറിൻറെ വീട് നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.  ബിന്ദുകുമാറിൻറെ ഫോണ്‍ കോളുകൾ പരിശോധിച്ചപ്പോൾ കാണാതായ സെപ്തംബര്‍ 26-ന് ഉച്ചയ്ക്ക് മുത്തുകുമാറിനെ വിളിച്ചതായും കണ്ടെത്തി. തുടര്‍ന്ന് പോലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. സംശയം തോന്നിയ പോലീസ് അടുത്ത ദിവസം ആലപ്പുഴ നോ‍ര്‍ത്ത് പോലീസ് സ്റ്റേഷനിൽ എത്താൻ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. 

മുത്തുകുമാറിനെ തേടി പോലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. സംശയം തോന്നി പോലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ആണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിൻറെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. തറയുടെ കോണ്‍ക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.  


Related News