കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണമെന്ന് നിര്‍ദേശം

  • 03/10/2022

ന്യൂഡല്‍ഹി: അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സ്വാതതന്ത്ര്യം ഉണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്ന പരിവേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൃഷ്ടിക്കുന്നതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിലപാട് പ്രഖ്യാപനം. 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അതോറിറ്റി അധ്യക്ഷന്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ആരെ വേണമെങ്കിലും വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം. പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനത്തും പോഷക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവരും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തണമെങ്കില്‍ പദവിയില്‍നിന്ന് രാജിവയ്ക്കണം. പദവിയില്‍ ഇരുന്നുകൊണ്ട് ഒരു തരത്തിലുമുള്ള പ്രചാരണം അനുവദനീയമല്ലെന്നും മാര്‍ഗനിര്‍ദേശം പറയുന്നു. പ്രചാരണത്തിന് വേണ്ടി സംസ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്ക് പി.സി.സി. അധ്യക്ഷന്‍മാര്‍ സൗകര്യം എര്‍പ്പെടുത്തണം. തിരഞ്ഞെടുപ്പിനായി വോട്ടര്‍മാരെ കൊണ്ട് വരാന്‍ സ്ഥാനാര്‍ഥികള്‍ വാഹനം എര്‍പ്പെടുത്തരുത്. മോശം കുറിപ്പുകള്‍ പുറത്തിറക്കുന്നതോ അത്തരം പ്രചാരണം നടത്തുന്നതോ സ്ഥാനാര്‍ഥിത്വം അസാധുവാക്കുന്നതിനും അച്ചടക്ക നടപടി എടുക്കുന്നതിനും കാരണമാകുമെന്ന് മിസ്ത്രി ഇറക്കിയ മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു.

അതിനിടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം പ്രത്യേക മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കി. യാത്രയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം യാത്രയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ആപ്പ് വഴി നല്‍കും. വ്യാഴാഴ്ച കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് അറിയിച്ചു.

Related News