ജമ്മുകശ്മീര്‍ ജയില്‍ ഡി.ജി.പി കൊല്ലപ്പെട്ടു

  • 04/10/2022

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പി. ഹേമന്ത് കുമാര്‍ ലോഹിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജമ്മുവിലെ വീട്ടില്‍ തിങ്കളാഴ്ചയാണ് ലോഹിയ(57)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നെന്നും ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ലോഹിയയുടെ വീട്ടുജോലിക്കാരനായ യാസിര്‍ എന്നയാളാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു. കൊലുപാതകത്തിന് അല്‍പസമയത്തിന് ശേഷം യാസിര്‍ ഓടിപ്പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

അതേസമയം, ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ശാഖയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് (പി.എ.എഫ്.എഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തങ്ങളുടെ സ്പെഷല്‍ സ്‌ക്വാഡാണ് ലോഹിയയെ കൊലപ്പെടുത്തിയതെന്ന്, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്തവനയില്‍ പി.എ.എഫ്.എഫ്. അവകാശപ്പെട്ടു. ഈയടുത്ത് ജമ്മു കശ്മീരിലുണ്ടായ, പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കെതിരേയുള്ളത് ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും പി.എ.എഫ്.എഫ്. ഏറ്റെടുത്തിട്ടുണ്ട്. ഇനിയും 'ഹൈ പ്രൊഫൈല്‍ ഓപ്പറേഷനുകള്‍' നടപ്പാക്കുമെന്നും പറയുന്നു. ജമ്മു കശ്മീരില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ലോഹിയയുടെ കൊലപാതകമെന്നും പി.എ.എഫ്.എഫ്. പറഞ്ഞു.

1992 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോഹിയ. ഓഗസ്റ്റിലാണ് അദ്ദേഹം ജമ്മു കശ്മിര്‍ ജയില്‍ ഡി.ജി.പിയായി നിയമിതനാകുന്നത്. ലോഹിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊട്ടിയ കെച്ച് അപ്പിന്റെ കുപ്പി കൊണ്ട് കഴുത്തറക്കാന്‍ കൊലപാതകി ശ്രമിച്ചുവെന്നുമാണ് പ്രാഥമിക നിഗമനമെന്ന് ഡി.ജി.പി. ദില്‍ബാഗ് സിങ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ലോഹിയയുടെ ദേഹം കത്തിക്കാനും കൊലപാതകി ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News