ചികിത്സാപ്പിഴവ് മൂലം അമ്മയും നവജാത ശിശുവും മരിച്ച കേസ്; തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാര്‍ അറസ്റ്റില്‍

  • 04/10/2022

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാപ്പിഴവു മൂലം അമ്മയും നവജാത ശിശുവും മരിച്ച കേസിൽ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പാലക്കാട് ടൗൺ സൗത്ത് പോലീസ്, ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ  നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് കണ്ടെത്തി.  25 വയസുള്ള ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ ആദ്യമാണ് ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും സംഭവിച്ചത്. തുടര്‍ന്ന് ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു.

പ്രസവ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് സാധാരണ പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തു. ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായതോടെ വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. നവജാത ശിശു തൊട്ടുമുൻപത്തെ ദിവസം മരിച്ചിരുന്നു.

നവജാത ശിശുവിന്റെ  കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഐശ്വര്യയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്നാണ് ഭ‍ര്‍ത്താവ് ആരോപിച്ചത്. ചികിത്സയുടെ പേര് പറഞ്ഞു അനുമതി പത്രങ്ങളിൽ നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ലെന്നും ആരോപണമുണ്ട്. 

Related News