23 വയസ്സ്, 150 കിലോ ഭാരം! വാഹന പരിശോധനയും പണപ്പിരിവും നടത്തിയ വ്യാജ പോലീസ് പിടിയിലായതിങ്ങനെ

  • 04/10/2022

ലഖ്നൗ: ഉത്തര്‍പ്രദേശിൽ പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അനധികൃത പണപ്പിരിവ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. 23കാരനായ മുകേഷ് യാദവാണ് പിടിയിലായത്. 

ഫിറോസാബാദ് ജില്ലയിലെ തുണ്ഡ്ല പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവാവിന് 150 കിലോയോളം ഭാരം വരും. ഇത്രയും ചെറുപ്പത്തില്‍ ഇന്‍സ്പെക്ടറായതും അമിത വണ്ണവും നേരത്തെ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. 

ഫിറോസാബാദ് ജില്ലയിലെ താജ് എക്സ്പ്രസ് ഹൈവേയില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. നാഷണല്‍ ഹൈവേ രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഒക്ടോബര്‍ രണ്ട് രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

നാട്ടുകാര്‍ നല്‍കിയ സൂചന അനുസരിച്ച് തുണ്ടല പോലീസ് ഇയാളെ ചോദ്യം ചെയ്തു. സ്റ്റേഷന്‍ ചോദിച്ചതോടെ പരുങ്ങിയ ഇയാളെ പിന്നീട് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം തുണ്ട്‌ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related News